തെരുവിലേക്ക് ചാഞ്ഞ മരങ്ങൾ: മുഹറഖിൽ വീഴ്ച വരുത്തിയ വീട്ടുടമസ്ഥർക്ക് 100 ദിനാർ പിഴ
പ്രദീപ് പുറവങ്കര
മുഹറഖ് : പൊതുവഴികളിലേക്കും തെരുവുകളിലേക്കും ചാഞ്ഞുകിടന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാത്ത വീട്ടുടമസ്ഥർക്ക് മുഹറഖ് മുനിസിപ്പാലിറ്റി 100 ദിനാർ വീതം പിഴ ചുമത്തി. മുഹറഖ് ഗവർണറേറ്റിലും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന യോഗത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കൃത്യമായ രീതിയിൽ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയിട്ടും ചില വീട്ടുടമസ്ഥർക്ക് പിഴ ചുമത്തിയത് സംബന്ധിച്ച് എം.പി. അഹമ്മദ് അൽ മഖാഫി യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. മുനിസിപ്പാലിറ്റിയുടെ പാർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് തൊഴിലാളികൾക്ക് നൽകിയ കരാറിന്റെ പകർപ്പ് അദ്ദേഹം യോഗത്തിൽ ഹാജരാക്കുകയും ചെയ്തു.
എന്നാൽ, പലരും യഥാസമയം മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കുന്നതിൽ വീഴ്ച വരുത്തുന്നതായും, ഇത് കാരണം തെരുവുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുന്ന സംഭവങ്ങൾ പതിവാകുകയാണെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബൂ ഹസ്സ യോഗത്തിൽ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയതെന്നാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.
േ്ിേ
