കുവൈത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു


കുവൈത്ത് സിറ്റി: കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കുവൈത്തില്‍ ആരാധനാലയങ്ങള്‍ ബുധനാഴ്ച മുതല്‍ തുറക്കും. ആദ്യഘട്ടത്തില്‍ ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളിലാണ് പള്ളികള്‍ തുറക്കുക.

മസ്ജിദുല്‍ കബീറില്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅ ആരംഭിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ജുമുഅക്ക് ഇമാമിനും പള്ളി ജീവനക്കാര്‍ക്കും മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രവേശന അനുമതി. ദേശീയ ടെലിവിഷന്‍ ചാനല്‍ വഴി ജുമുഅ ഖുതുബ പ്രാര്‍ത്ഥന തത്സമയം സംപ്രേക്ഷണം ചെയ്യും. പള്ളികള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഔഖാഫ് മന്ത്രി ഫഹദ് അല്‍ അഫാസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി രാജ്യത്ത് 900ത്തോളം പള്ളികള്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. പാര്‍പ്പിട മേഖലകളിലെ പള്ളികള്‍ ബുധനാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയോടെ തുറക്കും. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ അനുമതി.

You might also like

  • Straight Forward

Most Viewed