ആരോഗ്യ ഇൻഷുറൻസ് ഫീസ് : കന്പനികളുടെ കരാർ കാലാവധി നീട്ടി
കുവൈത്ത് സിറ്റി : വിദേശികളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് ഫീസ് ശേഖരിക്കുന്നതിന് കന്പനിയുടെ കരാർ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. ജൂലൈ 28 മുതൽ 2019 ജനുവരി വരെ കാലാവധി ദീർഘിപ്പിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന് ഉന്നതാധികാര സമിതി അനുമതി നൽകിയിട്ടുള്ളത്.ഫീസ് ശേഖരിക്കുന്നതിന് പുതിയ ഏജൻസികളെ ക്ഷണിച്ചുകൊണ്ട് അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.
പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പുതുക്കേണ്ടതിനാൽ അത് സംബന്ധിച്ച നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫീസ് ശേഖരിക്കുന്നതിൽ തടസ്സം അനുഭവപ്പെടാതിരിക്കാനാണ് നിലവിലുള്ള സ്ഥാപനവുമായുള്ള കരാർ ആറുമാസത്തേക്ക് കൂടി ദീർഘിപ്പിക്കുന്നത്.
ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും വിവിധ ഫീസുകൾ ശേഖരിക്കുന്ന ഇ-പെയ്മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന സ്വകാര്യ കന്പനിയുമായുള്ള കരാർ പുതുക്കുന്നതിനും മന്ത്രാലയത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് നീട്ടുന്നത്. 30ലക്ഷം ദിനാർ ആണ് കരാർ തുക.
ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവർക്ക് ഫീസ് അടയ്ക്കുന്നതിനും മറ്റും ഒരു പ്രയാസവും ഇല്ലാത്ത വിധമുള്ള സംവിധാനമാണ് നടപ്പിലുള്ളതെന്ന് അധികൃതർ അറിയിച്ചു. വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിച്ചതിനുശേഷം പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഫിനാൻഷ്യൽ സ്റ്റാംപിനുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ട്.
അതിനിടെ പൊതു-സ്വകാര്യ മേഖലകളിൽ ഫാർമസികളിലും അനുബന്ധവുമായുള്ള ജോലികളിൽ നിയമിക്കുന്നതിനുള്ള ഫാർമസിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും യോഗ്യതയും ജോലി പരിചയവും ഉൾപ്പെടെ അവലോകനം ചെയ്യുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാൻ മന്ത്രാലയം തീരുമാനിച്ചു. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സേവനം മെച്ചപ്പെട്ടതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നടപടി.



