സ്വതന്ത്ര കാശ്മീർ വാദവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും കാശ്മീരിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സൈഫുദ്ദീൻ സോസ് നടത്തിയ സ്വതന്ത്ര കാശ്മീർ പ്രസ്താവന വിവാദത്തിൽ. കാശ്മീരിനെ കുറിച്ച് മുൻ പാകിസ്ഥാൻ ഏകാധിപതി പർവേസ് മുഷറഫ് പറഞ്ഞത് ശരിയാണ്, അവസരം കിട്ടിയാൽ കാശ്മീരികൾ സ്വാതന്ത്ര്യം തേടുമെന്നായിരുന്നു സോസിന്റെ പരാമർശം.
പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ബി.ജെ.പി ഇതിലൂടെ കോൺഗ്രസിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വെളിപ്പെട്ടതെന്ന് ആരോപിച്ചു. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ സോസിന്റെ നിലപാട് തള്ളിയ കോൺഗ്രസ് നേതൃത്വം സ്വതന്ത്ര കാശ്മീർ എന്ന നിലപാട് പാർട്ടി അംഗീകരിക്കുന്നില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി. അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന സോസിന്റെ ‘കശ്മീർ: പോരാട്ടത്തിന്റെ കഥയുടെയും ചരിത്രത്തിന്റെയും മിന്നൊളി’ എന്ന പുസ്തകത്തിലാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.



