കല കുവൈറ്റ് എന്റെ കൃഷി വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'എന്‍റെ കൃഷി' കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അബുഹലീഫ മേഖലയിൽ നിന്നുള്ള ഫാഹിമ അഹമ്മദ്- കർഷകശ്രീ (ഒന്നാം സ്ഥാനം) പുരസ്‌കാരം നേടി, കർഷക പ്രതിഭ പുരസ്‌കാരം, ഗോപകുമാർ (ഫഹാഹീൽ), കർഷക മിത്ര പുരസ്‌കാരം, റൈഹാന സൂരജ് (അബുഹലീഫ) എന്നിവർ നേടി.
കല കുവൈറ്റിന്റെ 4 മേഖലകളിൽ നിന്നായി ഇരുപത് പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞുറോളം പേരാണ് ഡിസംബർ മുതൽ മാർച്ച് വരെ 4 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കർഷകശ്രീ, കർഷക പ്രതിഭ, കർഷക മിത്ര പുരസ്‌കാരം നേടിയവർക്കുള്ള പുരസ്‌കാര വിതരണം 2018 മെയ് 11ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടി "തരംഗം 2018"ൽ വെച്ച് നടക്കും.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
അബ്ബാസിയ മേഖലയിലെ ആൻസൺ പത്രോസ്, റെജി കെ.തോമസ്, നൗഫിയ റിയാസ്, ജെബി പി.മാർക്കോസ്, സാലി മൈക്കിൾ എന്നിവർക്കും ഫഹാഹീൽ മേഖലയിലെ മഹേഷ് പീറ്റർ, ജിതിൻ, പൊന്നമ്മ, സുബിൻ കെ.എസ്, മഞ്ജു സന്തോഷ്, സാൽമിയ മേഖലയിൽ നിന്ന് റിയാസ്, ദിവ്യ കിരൺ, വിനീത ഗിരീഷ് കുമാർ, പ്രസന്നകുമാർ, ജിബു, അബുഹലീഫ മേഖലയിലെ ശിവ അജയ്, ഫെബീന റഷീദ്, ആന്റോ എം.ജോസഫ്, റിമ ടെന്നി എബ്രഹാം, അനൂജ് ഇല്ലത്ത് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പറഞ്ഞു.

