ബിന റിഫൈനറിയിൽ 24% ഓഹരി പങ്കാളിത്തത്തിന് കുവൈത്ത്
കുവൈത്ത് സിറ്റി : ഇന്ത്യയിൽ ബിന റിഫൈനറിയിൽ കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ 24% ഓഹരി പങ്കാളിത്തമെടുക്കും. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഭാരത് പെട്രോളിയം കോർപറേഷനും ഒമാൻ ഓയിൽ കന്പനിയും ചേർന്നു നടത്തുന്ന പദ്ധതിയാണ് ബിന റിഫൈനറി. റിഫൈനറിയിൽ 50% ഓഹരി ഭാരത് പെട്രോളിയം കോർപറേഷന്റേതാണ്.
ഒമാൻ ഓയിൽ കന്പനിയുടെ കൈവശമുള്ള 50% ഓഹരിയിൽനിന്ന് 24% കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ വാങ്ങും. ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി കുവൈത്ത് പെട്രോളിയം ഇന്റർനാഷനൽ സി.ഇ.ഒ നബീൽ ബൂർസലി അറിയിച്ചു. എണ്ണയുൽപാദനം 2030നകം പ്രതിദിനം 8.8 ദശലക്ഷം ബാരൽ ആയി ഉയർത്താൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.
അതനുസരിച്ചു ബിന റിഫൈനറിയിലെ ഉൽപാദനം 1,56,000 ബാരൽ ആക്കുകയാണ് ലക്ഷ്യം. നവീകരണത്തിനായി ഭാരത് പെട്രോളിയം കോർപറേഷൻ നിക്ഷേപമിറക്കിയെങ്കിലും ഒമാൻ അധികനിക്ഷേപം ഇറക്കിയിരുന്നില്ല. ഈപശ്ചാത്തലത്തിൽ ഓഹരി വിൽപനയിലൂടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

