ഇന്ത്യൻ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഉടൻ പുനഃരാരംഭിക്കും : കുവൈത്ത്
കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഉടനെ പുനഃരാരംഭിക്കും. കഴിഞ്ഞാഴ്ച സമാപിച്ച ഇന്ത്യ−കുവൈത്ത് യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികൾക്ക് വേഗം കൈവന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന വനിതാ ഗാർഹിക തൊഴിലാളികളുടെ സംരക്ഷണത്തിനാണ് ഇന്ത്യൻ അധികൃതർ മുൻതൂക്കം നൽകുന്നത്. പരാതികൾക്ക് ഇടം നൽകാതിരിക്കണമെന്ന നിലപാട് കുവൈത്ത് അധികൃതരും കർക്കശമാക്കിയിട്ടുണ്ട്.
സ്വകാര്യ ഏജൻസികൾ വഴിയാണ് കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് നടന്നിരുന്നത്. പല തരത്തിലുമുള്ള പരാതികൾക്കും അത് കാരണവുമായി. ശാരീരിക പീഡനം ഉൾപ്പെടെ വ്യാപകമായതോടെയാണ് വനിത ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരൻറി നൽകണമെന്നായിരുന്നു 2014ൽ ഇന്ത്യ വച്ച ഉപാധി.
ഈ നിബന്ധനയെ തുടർന്ന് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് നിലച്ചു. ബാങ്ക് ഗാരന്റി നിബന്ധന 2017 സപ്തംബറിൽ ഇന്ത്യ പിൻവലിച്ചതോടെ ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് നിരോധനം കുവൈത്തും പിൻവലിച്ചു. അതേസമയം റിക്രൂട്ട്മെൻറ് സംവിധാനത്തെക്കുറിച്ചുള്ള അവ്യക്തത കാരണം വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കപ്പെട്ടതുമില്ല.
ഗാർഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരം നൽകാൻ ഇരുപക്ഷവുംവൈമുഖ്യം കാണിച്ചതും റിക്രൂട്ട്മെൻറ് പുനഃരാരംഭിക്കുന്നതിന് തടസമായി. കഴിഞ്ഞാഴ്ച സംയുക്ത ഗ്രൂപ്പ് യോഗത്തിലാണ് കരട് കരാർ അംഗീകരിച്ചത്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട അൽ ദുർറ കന്പനി പ്രതിനിധികളുമായും സംയുക്ത ഗ്രൂപ്പ് യോഗത്തിനെത്തിയ ഇന്ത്യൻ പ്രതിനിധികൾക്ക് ആശയവിനിമയം സാധ്യമായതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. ഇന്ത്യ ഗവൺമെന്റ് ഉന്നയിച്ച പല സംശയങ്ങൾക്കും അൽ ദുർറ കന്പനിയിൽനിന്ന് തൃപ്തികരമായ മറുപടി ലഭിച്ചുവെന്നാണ് സൂചന.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യയിൽ സ്വകാര്യ ഏജൻസികൾ ഉണ്ടാകില്ല. പകരം കേരളത്തിലെ നോർക്ക, ഒഡെപെക്, തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർപ്രദേശിലെ യു.പി ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻപവർ കന്പനി, ആന്ധ്രാപ്രദേശിലെ ഓവർസീസ് മാൻപവർ കന്പനി എന്നിവയാണ് ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച സംവിധാനങ്ങൾ. കുവൈത്തിൽ നിയോഗിക്കപ്പെട്ട അൽ ദുർറ കന്പനിക്ക് ഇന്ത്യയിലെ അംഗീകൃത ഏജൻസികൾ വഴി മാത്രമേ ബാങ്ക് ഗാരന്റി ഇല്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയൂ.
എന്നാൽ ഇന്ത്യൻ എബസിയിലെ ഇ−മൈഗ്രേറ്റ് സംവിധാനം വഴിയായിരിക്കണം അൽ ദുർറയുടെ നടപടികൾ. അതേസമയം ഗാർഹിക തൊഴിലിനായി അയയ്ക്കുന്ന വനിതകളുടെ പ്രായത്തിന്റെ കാര്യത്തിൽ ഇന്ത്യ ഗവൺമെന്റ് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുപ്പത് വയസിൽ താഴെ പ്രായമുള്ളവരെ അയക്കില്ലെന്നാണ് സർക്കാർ നിലപാട്.

