സൂപ്പർമാർക്കറ്റിൽ പീഡന ശ്രമം നടന്നതായി പരാതി
മനാമ : ഈസ്റ്റ് റിഫയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം അമ്മയോടും, സഹോദരിമാരോടും ഒപ്പം സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയെ അവിടെയെത്തിയ യുവാവാണ് സൂപ്പർമാർക്കറ്റിന്റെ ഇടനാഴിയിലേക്ക് പിടിച്ച് വലിക്കാനുള്ള ശ്രമം നടത്തിയത്.
പെൺകുട്ടി ഭയന്ന് ഓടി മാതാവിന്റെ അടുത്ത് കാര്യം ധരിപ്പിക്കുകയായിരുന്നു. രണ്ട് തവണ തുടർച്ചയായി ഇങ്ങനെ ശ്രമിച്ചെന്ന് പെൺകുട്ടി പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ പിതാവ് സംഭവ സ്ഥലത്ത് എത്തുകയും ഈസ്റ്റ് റിഫയിലെ പോലീസ് േസ്റ്റഷനിലും, ഹൂറയിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിലും പരാതി നൽകുകയായിരുന്നു.
പതിവായി ഈ കുടുംബം ഷോപ്പിംഗിനു പോകുന്ന സൂപ്പർമാർക്കറ്റ് ആയതിനാൽ മറ്റ് സംശയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നും, ഇത്തരത്തിലുള്ള അനുഭവം ഉണ്ടായപ്പോൾ പെൺകുട്ടിയുടെ മാതാവ് ഉടൻ തന്നെ വിളിച്ച് വിവരം ധരിപ്പിച്ചുവെന്നും എന്നാൽ പെൺകുട്ടിക്ക് തന്നെ അക്രമിക്കാൻ ശ്രമിച്ച വ്യക്തിയുടെ മുഖം കാണാനായില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആക്രമിയുടെ മുഖം വ്യക്തമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

