കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 78096 പേർ
കുവൈത്ത് സിറ്റി : കുവൈത്തിൽ 78096 പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി കണക്കുകൾ. 78096 പേരിൽ 57132 പേർ രാജ്യം വിടുകയും 20964 പേർ രാജ്യത്തിന് അകത്ത് നിന്നു കൊണ്ട് താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. പൊതുമാപ്പിന് മുന്പ് രാജ്യത്ത് 155000 അനധികൃത താമസക്കാർ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അങ്ങിനെയെങ്കിൽ ആകെ 50 ശതമാനത്തിലധികം പേർ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നാണ് നിഗമനം. ജനുവരി 29 മുതൽ ഏപ്രിൽ 22 വരെയായിരുന്നു കുവൈത്തിൽ പൊതുമാപ്പ് കാലാവധി.
19868 ഇന്ത്യക്കാരാണ് ആകെ പൊതു മാപ്പ് പ്രയോജനപ്പെടുത്തിയത്. ഇതിൽ 11033 പേരാണ് ഔട്ട് പാസ് വഴി രാജ്യം വിട്ടത്. 2930 പേർ സ്വന്തം പാസ്സ്പോർട്ട് വഴി നാട്ടിൽ പോയതടക്കം ആകെ 13963 ഇന്ത്യക്കാരാണ് രാജ്യത്തു നിന്നും പുറത്തു പോയി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 5905 ഇന്ത്യക്കാർ പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. അതേസമയം പൊതുമാപ്പിനുശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കി.

