ഫിലിപ്പീൻസുമായി പ്രശ്നപരിഹാര ശ്രമത്തിന് സന്നദ്ധമാണെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : ഫിലിപ്പീൻസുമായുള്ള പ്രശ്ന പരിഹാര ശ്രമത്തിന് സന്നദ്ധത അറിയിച്ച് കുവൈത്ത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും നിയമവും ചോദ്യം ചെയ്യുന്ന പ്രവണത അംഗീകരിക്കില്ലെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറല്ല വ്യക്തമാക്കി. കുവൈത്തിലെ ഷെൽട്ടറുകളിൽ കഴിയുന്ന 800 ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ ഫിലിപ്പീൻസ് തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിന് ഇതിനകം കുവൈത്ത് നടപടികൾ ആരംഭിച്ചതാണെന്നും നിലവിലുള്ള തൊഴിൽ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുള്ള സഹകരണം കുവൈത്ത് ഉറപ്പ് നൽകിയതുമാണെന്നും പറഞ്ഞ മന്ത്രി രാജ്യാന്തര മനുഷ്യാവകാശ ഏജൻസികൾ പ്രശംസിച്ചതാണ് കുവൈത്തിലെ തൊഴിൽ നിയമമെന്നും കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ ഫിലിപ്പീൻസുകാരുടെ സേവനം പ്രശംസനീയമാണ്. ഫിലിപ്പീൻസ് ഉൾപ്പെടെ കുവൈത്തിലുള്ള മുഴുവൻ പ്രവാസി സമൂഹങ്ങളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം അപ്രതീക്ഷിതമായി വന്നുപെട്ട സാഹചര്യങ്ങൾ മറികടക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കുവൈത്തുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് സൗദി അറേബ്യയുടെയോ ഖത്തറിന്റെയോ സഹായം തേടണമെന്ന് ഫിലിപ്പീൻസ് സെനറ്റ് പ്രസിഡണ്ട് അക്വിലിനൊ പിമെന്റൽ ആവശ്യപ്പെട്ടു. രണ്ട് കൊറിയകൾ തമ്മിൽ സമാധാനത്തിനായി ശ്രമിക്കുന്പോൾ നല്ല സൗഹൃദവും ശക്തമായ സാന്പത്തിക ബന്ധവുമുള്ള കുവൈത്തും ഫിലിപ്പീൻസും തമ്മിൽ എന്തിന് കലഹിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രയും വേഗം സാധാരണ ഗതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലുള്ള ഫിലിപ്പീൻസുകാരെ കൊണ്ടുവരുന്നതിന് ചൈന നൽകുന്ന സഹായം ഉപയോഗിക്കാമെന്നാണ് പ്രസിഡണ്ട് പ്രതീക്ഷിക്കുന്നതെന്നാണ് മനിലയിൽനിന്നുള്ള വാർത്ത. ഫിലിപ്പീൻസിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏകദേശം 4.8 ബില്ല്യൺ പെസോ നൽകാൻ ചൈന തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ടിന്റെ വക്താവ് ഹാരി റോക്ക് അറിയിച്ചു. ആവശ്യമെങ്കിൽ ഈ തുക കുവൈത്തിൽ നിന്നുള്ളവരെ കൊണ്ടുവരുന്നതിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

