ബഹ്റൈൻ കേരളീയ സമാജം മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കേരളീയസമാജം ബഹ്‌റൈൻ തൊഴിൽ സാമൂഹിക വകുപ്പ്മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലിഹുമൈദാനിന്റെ രക്ഷകർത്വത്തിൽ സംഘടിപ്പിച്ച മെയ്‌ദിനാഘോഷം തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യം,ട്രാഫിക് ബോധവൽകരണ ക്ലാസുകളും, കലാ കായിക മത്സരങ്ങളും അരങ്ങേറി.പ്രവാസി ക്ഷേമനിധി നോർക റൂട്ട് സ് കൌണ്ടറുകൾ തൊഴിലാളികൾക്ക് അംഗത്വം എടുക്കുന്നതിനും സംശയ നിവാരണത്തിനുമായി ഏർപ്പെടുത്തിയ നോർക്ക അദാലത്തും ഏറെ പ്രയോജനപ്പെട്ടതായി സമാജം ആക്ടിംഗ് പ്രസിഡണ്ട് മോഹൻരാജ് പി.എൻ,സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ അഭിപ്രായപ്പെട്ടു.
മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചലച്ചിത്ര ഗാനം, മിമിക്രി, ചിത്രകല മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കബഡി വടംവലി മത്സരങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. റഫീക്ക് അബ്ദുള്ള കൺവീനറും വർഗീസ് ജോർജ്ജ് ജോയിന്റ് കൺവീനരുമായ കമ്മിറ്റിയാണ് സമാജം മെയ്‌ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. കലാമത്സരങ്ങൾക്ക് മനോഹരൻ പാവറട്ടിയും, ഫാത്തിമ ഖമ്മീസും, കായിക മത്സരങ്ങൾക്ക് രാജേഷ് കൊടോത്തും നേതൃത്വം നൽകി. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ തൊഴിൽ സാമൂഹിക വകുപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ:അൻസാരി മുഖ്യാതിഥിയും ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് വിശിഷ്ടാതിഥിയും ആയിരുന്നു. തൊഴിലാളികൾക്കായി നിശബ്ദ സേവനം നടത്തുന്ന കെ..പി കുമാരൻ, പുരുഷോത്തമൻ,ബാബു ചിറമേൽ എന്നീ വ്യക്തികളെ സമാജം ചടങ്ങിൽ ആദരിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തിയ അനീഷിനെ പ്രത്യേക പുരസ്കാരവും നൽകി ആദരിച്ചു. ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പയ്യന്നൂർ സഹൃദയവേദിയുടെ നാടൻപാട്ടും ഉണ്ടായിരുന്നു.

