കുവൈത്തിൽ ഡ്രൈവിംഗ് വിസാ നടപടിക്രമങ്ങൾ കർശനമാക്കുന്നു
കുവൈത്ത് സിറ്റി: ഡ്രൈവിംഗ് വിസയ്ക്കുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്നതായി കുവൈത്ത് അധികൃതർ അറിയിച്ചു. കന്പനികളിൽ ഡ്രൈവർ വിസ അനുവദിക്കുന്നതിന് മുന്പ് ഇനി കന്പനികളിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കും. ആഭ്യന്തര മന്ത്രാലയത്തിലുള്ള വിവരങ്ങൾ തിരയുന്നതിന് മാൻപവർ അതോറിറ്റിക്ക് പ്രത്യേക പാസ്‌വേർഡും നൽകും.
ഓരോ ഗവർണറേറ്റുകളിലെയും മാൻപവർ അതോറിറ്റിക്ക് അതാതു ഗവർണറേറ്റുകളുടെ പരിധിയിൽ പെട്ട കന്പനികളുടെ വിവരങ്ങൾ മാത്രമേ പാസ്‌വേഡ് ഉപയോഗിച്ച്
പരിശോധിക്കാൻ സാധിക്കൂ. ഡ്രൈവർ വിസയ്ക്കായി കന്പനികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചാൽ മാൻപവർ അതോറിറ്റി പാസ്‌വേഡ് ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ വിവരങ്ങൾ പരിശോധിക്കും.
കന്പനിയിലെ വാഹനങ്ങളുടെ എണ്ണം, രജിസ്‌ട്രേഷൻ കാലാവധി എന്നീ വിവരങ്ങൾ പരിശോധിച്ച് അർഹത കണ്ടെത്തിയാൽ മാത്രമേ വിസ അനുവദിക്കൂ. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാതെയും കന്പനികൾ ഡ്രൈവർ വിസ നേടിയെടുക്കുന്നത് തടയാനാണ് ഇത്തരത്തിലൊരു നടപടി.
