പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി : നിർദ്ദേശം നാളെ പാർലമെന്റിൽ
കുവൈത്ത് സിറ്റി : വിദേശികൾ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തുന്നതു സംബന്ധിച്ച നിർദ്ദേശം ചൊവ്വാഴ്ച പാർലിമെന്റ് പരിഗണിക്കും. പാർലമെന്റിന്റെ ഉപസമിതികൾ തന്നെ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിൽ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് സൂചനകളില്ല. സഫാ അൽ ഹാഷ്‌മി എം.പി അവതരിപ്പിച്ച നിർദ്ദേശമാണ് പാർലമെന്റ് വിവിധ സമിതികളുടെ തീരുമാനം അറിയാൻ വിട്ടിരുന്നത്.
നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ധനകാര്യ−സാന്പത്തിക സമിതിയുടെ വിലയിരുത്തൽ. എന്നാൽ നികുതി ചുമത്തുന്നത് ഭരണഘടനാവിരുദ്ധവും കുവൈത്തിന്റെ പ്രതിച്ഛായയ്ക്ക് പോറൽ ഏൽപ്പിക്കുന്നതുമാണെന്ന് നിയമകാര്യ സമിതിയും വിലയിരുത്തി. രണ്ട് സമിതികളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായതിനാൽ പാർലിമെന്റിൽ ചൂടേറിയ ചർച്ചയ്ക്കു സാധ്യതയുണ്ട്. സർക്കാരും സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള സാന്പത്തികാധികാര സ്ഥാപനങ്ങളും നികുതി നിർദ്ദേശത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വിദേശികൾ കുവൈത്തിൽ നിന്ന് പ്രതിവർഷം 1900 കോടി ദിനാർ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. നികുതി ചുമത്തിയാൽ 70ദശലക്ഷം ദിനാർ വരെ ഖജനാവിന് ലഭിക്കുമെന്നും സാന്പത്തിക−ധനകാര്യ സമിതി കണക്കാക്കുന്നു. നികുതി ചുമത്തുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട പണമിടപാട് എന്താണെന്നതിന്റെ നിർവ്വചനം സംബന്ധിച്ച വ്യാഖ്യാനവും ചർച്ചയായിട്ടുണ്ട്. വിദേശികൾ അയയ്ക്കുന്ന പണമെന്ന് നിശ്ചയിച്ചാൽ ശന്പളം അല്ലെങ്കിൽ വ്യാപാരത്തിൽനിന്നും മറ്റുമുള്ള ആദായം മാത്രമാണോ അതോ ബാങ്ക് വായ്പയെടുത്തും മറ്റും വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണവും ഉൾപ്പെടുമോ എന്ന സംശയം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.
നിയമവിധേയമല്ലാത്ത മാർഗങ്ങളിലൂടെ പണമയയ്ക്കുന്ന പ്രവണത വർദ്ധിക്കുമെന്നാണു നികുതി നിർദ്ദേശത്തെ എതിർക്കുന്ന ചിലരുടെ അഭിപ്രായം. വിദേശങ്ങളിലേക്കു പണം അയയ്ക്കുന്നതിന്റെ തോത് കണക്കാക്കിയാൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണു കുവൈത്ത്. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കാണ് വിദേശികൾ കൂടുതൽ പണം അയയ്ക്കുന്നത്.
വിദേശികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നത് കുവൈത്തിൽനിന്നുള്ള മൊത്തം പണമിടപാടിന്റെ 26.6 ശതമാനം വരും. ഈജിപ്തിലേക്ക് 750ശലക്ഷം ദിനാറും (18.1%) ബംഗ്ലദേശിലേക്ക് 290ദശലക്ഷം ദിനാറും (ഏഴുശതമാനം) ഫിലിപ്പീൻസിലേക്ക് 250ദശലക്ഷം ദിനാറും (6.1%) പാക്കിസ്ഥാനിലേക്ക് 220ദശലക്ഷം ദിനാറും (5.3%) അയയ്ക്കുന്നുണ്ട്.



