ഗാർഹികത്തൊഴിലാളി ലഭ്യത : വിദേശ എംബസികളുമായി കുവൈത്ത് ചർച്ച നടത്തി
കുവൈത്ത് സിറ്റി : ഗാർഹികത്തൊഴിലാളികളെ ലഭ്യമാക്കുന്നതിന് രാജ്യത്തെ 11 വിദേശ എംബസികളുമായി ചർച്ച നടത്തിവരുന്നതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല അറിയിച്ചു. എന്നാൽ, ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹംപറഞ്ഞു. ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
ഇത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ തീരുമാനമായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽനിന്ന് ഗാർഹികത്തൊഴിലാളികൾ കുവൈത്തിലേക്ക് വരുന്നില്ല. ഈയിടെയുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ഫിലിപ്പീൻസും കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തിവച്ചിരിക്കയാണ്. ഇത്യോപ്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികൾ കുറ്റകൃത്യങ്ങളിൽ ഇടപെട്ടതിനെ തുടർന്ന് തൊഴിലാളി റിക്രൂട്ട്മെന്റ് നിർത്തിവച്ചിരുന്നു.
പുതിയ സാഹചര്യത്തിൽ ഇത്യോപ്യയിലെ കുവൈത്ത് സ്ഥാനപതി റാഷിദ് അൽ ഹാജിരി ഇത്യോപ്യൻ തൊഴിൽമന്ത്രി അബ്ദുല്ലതീഫ് അബ്ദുൽഹാദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിന് ധാരണയായത്. കുവൈത്തിലേക്ക് അയയ്ക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് റിഹാബിലിറ്റേഷൻ സെന്ററുകളിൽ പരിശീലനം നൽകണമെന്നും മനഃശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ധാരണയായതായും സ്ഥാനപതി അറിയിച്ചു. ഇത്യോപ്യൻ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കരാർ നടപടികൾ പൂർത്തീകരിക്കാൻ താമസിയാതെ കുവൈത്ത് സന്ദർശിക്കും.
റമസാൻ മാസം തുടങ്ങുന്നതിന് മുൻപ് ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് പാസ്പോർട്ട്−പൗരത്വവിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മസാൻ അൽ സബാഹ് അറിയിച്ചു. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് നിശ്ചയിച്ച ഫീസ് റിക്രൂട്ട്മെന്റ് ഓഫിസുകൾക്കും തൊഴിലുടമയ്ക്കും പ്രയാസം വരുത്താത്തവിധമാണെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കമാൽ അൽ അവാദി എം.പി ആവശ്യപ്പെട്ടു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ഥാപിതമായ കന്പനി 10% മാത്രം ലാഭമാണ് ഈടാക്കുക എന്നതാണ് പ്രഖ്യാപിത നയം. എന്നാൽ, നടപ്പ് സന്പ്ര ദായത്തിൽ 150% വരെ ലാഭമെന്ന പ്രതീതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ ദൗർലഭ്യം കുറയ്ക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ആശ്വാസകരമാണ്. ഫീസിന്റെ കാര്യത്തിൽകൂടി ആർക്കും പ്രയാസമില്ലാത്ത സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

