വയനാട്ടില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
ശാരിക l കേരളം
കൽപറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതി പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പോസിറ്റീവായി വന്നിരിക്കുന്നത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കുകയും രോഗവ്യാപനം തടയാനുള്ള കൃത്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്ത് ഊർജിതമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന് ഡ്രൈവും നടക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ അഭ്യർഥിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
fsdfs

