കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ; 'പ്രിയദർശിനി' പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
ശാരിക l കേരളം
തിരുവനന്തപുരം: യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ വനിതകൾക്കുള്ള സൗജന്യ യാത്ര 'പ്രിയദർശിനി' എന്ന പേരിൽ ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
പദ്ധതി നടപ്പാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ നികത്തുന്നതാണ്. ഇതിനായി പ്രതിമാസം 65-70 കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടിവരിക. നിലവിൽ ശമ്പളം അടക്കമുള്ള കാര്യങ്ങൾക്കായി കെ.എസ്.ആർ.ടി.സിക്ക് 1500 കോടി രൂപ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവാണ് എന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഈ വിഷയം പ്രത്യേകം പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിലവിൽ മലബാറിൽ മൊത്തം യാത്രയുടെ 28 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്.
തുടർപ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ മാസവും പദ്ധതി കൃത്യമായി അവലോകനം ചെയ്യും. ഒരോ ജില്ലകളിൽ നിന്നുമുള്ള യാത്രാ കണക്കുകൾ ഇതിനായി പരിശോധിക്കുകയും അതിനുശേഷം അപാകതകൾ പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. പരസ്യങ്ങളിലൂടെ അടക്കം ആറുമാസത്തിനകം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്കു സൗജന്യ യാത്ര അനുവദിക്കാൻ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യയോഗത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. മലബാറിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് കുറവായതിനാൽ അവിടെ സൂപ്പർ ഫാസ്റ്റ് ബസ്സുകളിലും ആനുകൂല്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷത്തിൽ 750-800 കോടി രൂപയുടെ ബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. ഇതേ ആനുകൂല്യം മറ്റു ബസുകളിലേക്കും വ്യാപിപ്പിച്ചാൽ സർക്കാരിന് 1300 കോടി രൂപ വേണ്ടിവരും.
dfsdf

