കുവൈത്തിൽ നിന്ന് പണം അയക്കുന്നതിന് പ്രവാസികൾ ഇനി നികുതി നൽകണം
കുവൈത്ത് സിറ്റി : വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിർദേശത്തിന് പാർലമെന്റിന്റെ ധനകാര്യ−സാന്പത്തിക സമിതിയുടെ അംഗീകാരം. നികുതി ചുമത്തുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം അംഗീകരിച്ചതെന്ന് സമിതി ചെയർമാൻ സാലെ അൽ അഷൂർ എം.പി അറിയിച്ചു.
സമിതി അംഗീകരിച്ച നിർദ്ദേശപ്രകാരം 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരുശതമാനമാകും നികുതി. 200ദിനാറിൽ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതി നൽകണം. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സഫാ അൽ ഹാഷിം എം.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ നിർദ്ദേശം ധനകാര്യ−സാന്പത്തിക സമിതിയുടെ പരിഗണനയ്ക്കായി വിട്ടതായിരുന്നു.
വ്യക്തമായ പഠനം അനിവാര്യമാണെന്ന അഭിപ്രായത്തിൽ പലതവണ ചേർന്ന സമിതിയോഗം അന്തിമ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ ചേർന്ന സമിതി യോഗത്തിൽ നാലുപേർ നിർദ്ദേശത്തെ അനുകൂലിച്ചും ഒരാൾ എതിർത്തും വോട്ട് ചെയ്തു. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തണമെന്നാണ് സമിതി ശുപാർശ. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവക്കെതിരെ ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചുവർഷത്തിൽ കവിയാത്ത തടവും 10,000 ദിനാറിൽ കവിയാത്ത പിഴയുമാണ് ശിക്ഷ. വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദ്ദേശത്തിന് രാജ്യത്തു സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഖജനാവിലേക്ക് 50−60 ദശലക്ഷം ദിനാർ അധിക വരുമാനമുണ്ടാകുമെന്നതാണ് നികുതികൊണ്ടുള്ള മെച്ചമായി കണക്കാക്കുന്നത്.
എന്നാൽ മൊത്തം വരുമാനത്തിന്റെ വളരെ തുച്ഛമായ തുകയാണ് അത് എന്നതിനാൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു വിഘനം വരുത്തുന്ന നടപടിയായി മാത്രമെ അതിനെ കാണാൻ കഴിയൂവെന്ന് പ്രതികരിച്ചവരുമുണ്ട്. രാജ്യത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സെൻട്രൽ ബാങ്കും വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുന്നതിനോട് തത്വത്തിൽ അനുകൂലമല്ല.
അതിനിടെ വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുക മാത്രമല്ല മുനിസിപ്പൽ സേവനങ്ങൾക്കും റോഡ് ഉപയോഗത്തിനും വിദേശികളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കണമെന്നും സഫാ അൽ ഹാഷ്മി എം.പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. വിദേശികൾ അനുഭവിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മുഴുവൻ സേവനങ്ങൾക്കും നികുതി വേണമെന്ന് അവർ ആവശ്യപ്പെട്ടു. വിദേശികളുടെ താമസസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതു മുനിസിപ്പാലിറ്റിയാണ്. അതിനുൾപ്പെടെ നിശ്ചിത ഫീസ് ഏർപ്പെടുത്തണമെന്നും അൽ ഹാഷ്മി എം.പി നിർദ്ദേശിച്ചു.

