കുവൈത്തിൽ പൊതുമാപ്പ് കാലാവധി ഏപ്രിൽ 22 വരെ നീട്ടി
കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പു കാലാവധി ഏപ്രിൽ 22 വരെ നീട്ടി. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹ് ഉത്തരവിട്ടത്.
ഒന്നരലക്ഷത്തോളം വിദേശികൾ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മുപ്പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്നാണു കണക്ക്. കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണു കാലാവധി നീട്ടിയതെന്ന് അറിയുന്നു. അനധികൃത താമസക്കാരായി മുപ്പതിനായിരത്തോളം ഇന്ത്യക്കാരുള്ളതായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതുവരെ പൊതുമാപ്പ് തേടിയവർ പതിനായിരത്തിൽ താഴെ മാത്രമാണ്. ഇന്ത്യൻ അപേക്ഷകരെ സഹായിക്കാൻ എംബസി അവധി ദിവസങ്ങളിലും തുറന്നു പ്രവർത്തിച്ചിരുന്നു.
സന്നദ്ധ സംഘടനാ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. വർഷങ്ങളായി ഇഖാമ ഇല്ലാത്തവരും കാലങ്ങളായി ജോലിയില്ലാത്തവരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പൊതുമാപ്പ് ആശ്വാസമാകുന്നുണ്ട്. നിർധനരായ പലർക്കും സന്നദ്ധ സംഘടനകൾ വിമാന ടിക്കറ്റും നൽകുന്നുണ്ട്.

