യു.എൻ രക്ഷാസമിതിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: രക്ഷാസമിതിയുടെ ഉത്തരവാദിത്ത നിർവ്വഹണം യു.എൻ ചാർട്ടർ അനുസരിച്ച് ശക്തിപ്പെടുത്താൻ നടപടി വേണമെന്ന് കുവൈത്ത്
ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ രക്ഷാസമിതി യോഗത്തിൽ സംസാരിക്കവെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
തീരുമാനങ്ങ ളെടുക്കുന്നതിൽ യു.എൻ അംഗരാജ്യങ്ങളുടെ പങ്കാളിത്തം ഇപ്പോൾ ദുർബലമാണ്. സുതാര്യതയുടെ അഭാവവും നടപടിക്രമങ്ങളുടെ ദൗർബല്യവുമാണ് അതിനു കാരണം. ലോക സമാധാനവും സുരക്ഷയും കണക്കിലെടുത്ത് അക്കാര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത്തഞ്ച് വർഷത്തിനിടെ രക്ഷാസമിതി ഗുണപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരസ്പരമുള്ള ആശയവിനിമയം തൊട്ട് രക്ഷാസമിതി
യോഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത് ഉൾപ്പെടെ അതിൽപ്പെടും. സന്നദ്ധ സംഘടനകളുടെയും സിവിൽ സൊസൈറ്റിയുടെയും പങ്കാളിത്തം വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ അംഗരാജ്യങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഉതൈബി പറഞ്ഞു.
