തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനുള്ള നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി : രാജ്യത്ത് സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ നിന്നും കരാർ ജോലികളിൽ നിന്നും ശുചീകരണ തൊഴിലാളികൾ, കാവൽക്കാർ എന്നിവരുടെ എണ്ണത്തിൽ 25 ശതമാനത്തോളം കുറവ് വരുത്താനുള്ള പദ്ധതി സംബന്ധിച്ച് ചർച്ചകൾ സജീവം.
മാൻപവർ പബ്ലിക് അതോറിറ്റിയും മന്ത്രാലയം പ്രതിനിധികളും സർക്കാർ ഏജൻസികളും തമ്മിലാണ് വിവിധ തലങ്ങളിൽ ചർച്ച തുടരുന്നത്.
ശുചീകരണ തൊഴിലാളികളുടെയും കാവൽക്കാരുടെയും എണ്ണത്തിൽ 25% കുറവ് വരുത്തണമെന്ന് മന്ത്രിസഭയാണ് തീരുമാനമെടുത്തത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. അവിദഗ്ദ്ധരെ കുറയ്ക്കുന്ന കാര്യത്തിൽ വിവിധ ഏജൻസികൾ പൂർണസഹകരണം ഉറപ്പുനൽകിയിട്ടുണ്ട്.

