അബ്ഷിർ വെബ്സൈറ്റിന്റെ പാസ്്വേഡ് കൈമാറരുതെന്ന് സൗദി ജവാസാത്ത്
മക്ക : പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഓൺലൈൻ സംവിധാനങ്ങളുടെ പാസ്്വേഡുകൾ കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി പാസ്പോർട്ട് വിഭാഗം. മറ്റുള്ളവർ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു. പാസ്പോർട്ട്−, വിസാ സേവനങ്ങൾ ഓൺലൈൻ വഴി നിർവ്‍വഹിക്കാനുള്ള അബ്ഷിർ വെബ്സൈറ്റിന്റെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സൗദി പാസ്പോർട്ട് വിഭാഗം നിർദ്‍ദേശിച്ചു.
അബ്ഷിർ വെബ്സൈറ്റിന്റെ പാസ് വേഡ് മറ്റുള്ളവർക്ക് കൈമാറുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതുപയോഗിച്ച് മറ്റുള്ളവർ പാസ്പോർട്ട്−, വിസാ സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. സേവനങ്ങൾക്കായി സർവ്‍വീസ് ഏജൻസികളെ സമീപിക്കുന്നവർ ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണം. യൂസർനേമും പാസ്‌വേർഡും ഏജൻസിക്ക് നൽകിയിട്ടുണ്ടെങ്കിൽ സേവനം കഴിഞ്ഞ ഉടൻ തന്നെ ഇവയിൽ മാറ്റം വരുത്തണം. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ പാസ്‌വേർഡ് എഴുതിവെക്കുന്നതും ദോഷം ചെയ്യും.
തൊഴിലാളികൾ അറിയാതെ വിസ റദ്ദാക്കാനും എക്സിറ്റ് അടിക്കാനും മറ്റും ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പാസ്പോർട്ട് വിഭാഗം വക്താവ് അബ്ദുള്ള അൽ ഹാദി പറഞ്ഞു.

