കുവൈത്തിൽ തൊഴിൽ മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
കുവൈത്ത് സിറ്റി : തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്. പാർലിമെന്റിലെ പത്ത് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസപ്രമേയം 31നു പരിഗണിക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. മന്ത്രിക്കെതിരെ മൂന്ന് എം.പിമാർ സമർപ്പിച്ച കുറ്റവിചാരണ നോട്ടീസ് ചർച്ചയ്ക്കൊടുവിലാണു 10 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.
ഹുമൈദ് അൽ സുബൈഇ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജ്‌റഫ് എന്നിവരാണു മന്ത്രിയെ കുറ്റവിചാരണ നടത്തിയത്.എം.പിമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഹുമൈദി അൽ സുബൈഇ, മുബാറക് അൽ ഹജ്‌റഫ്, ഖാലിദ് അൽ ഉതൈബി, അബ്ദുല്ല ഫഹദ്, ആദിൽ അൽ ദംഖി, ഷുഐബ് അൽ മുവൈസരി, അബ്ദുൽ കരീം അൽ കന്ദരി, മുഹമ്മദ് ഹയാഫ്, നായിഫ് അൽ മിർദാസ്, സാലെ അൽ അശൂർ എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടിസിൽ ഒപ്പുവച്ച എം.പിമാർ. കുവൈത്ത് നിയമം അനുസരിച്ചു കുറ്റവിചാരണ ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ് ഇല്ല. അംഗങ്ങളുടെയും മന്ത്രിയുടെയും വിശദീകരണത്തോടെ കുറ്റവിചാരണാ നടപടികൾ പൂർത്തിയാകും.
എന്നാൽ, വോട്ടെടുപ്പോടുകൂടിയ നടപടികൾ സാധ്യമാകുന്നതാണ് അവിശ്വാസ പ്രമേയം. കുറ്റവിചാരണ പൂർത്തിയായതിനുശേഷം തുടർനടപടികൾ ഇല്ലാതെ വിഷയം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങുകയോ ആണ് രീതി. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകണമെങ്കിൽ ചുരുങ്ങിയത് 10 എം.പിമാർ ഒപ്പുവച്ചിരിക്കണം. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ വോട്ടെടുപ്പുണ്ടാകും. വോട്ടെടുപ്പിലെ ഫലം അനുസരിച്ചായിരിക്കും മന്ത്രിയുടെ ഭാവി.

