രാജ്യം ഇന്ന് 69–ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു : അതിഥികളായി പത്തു രാഷ്ട്രത്തലവന്മാര്‍
ന്യൂഡൽഹി : രാജ്യം ഇന്ന് 69–ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിൽ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ അതിഥികളായെത്തുന്നത് പത്തു രാഷ്ട്രത്തലവന്മാരാണ്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. അശോകചക്ര അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് രാജ്പഥിലൂടെ കര–നാവിക–വ്യോമ സേനകളുടെ പരേഡ് ഉണ്ടാകും.
അതേസമയം, ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ ഡൽഹിയിലെത്തിയിരിക്കുന്നത്. ആസിയാൻ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാർ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തുന്നത്.
അതിനിടെ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് 69–ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്സ് വിവരത്തെത്തുടർന്ന് അതിർത്തിയിൽ കനത്ത സുരക്ഷയാണ്. കശ്മീരിൽ അനിഷ്ട സംഭവങ്ങൾക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങൾക്കു വിലക്കേർപ്പെടുത്തി. ഡൽഹിയിൽ പതിനായിരക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റർ പരേഡ് വീഥിയിലുടനീളം ഷാർപ് ഷൂട്ടർമാർ ഉൾപ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയ നിരീക്ഷണവും ഉറപ്പാക്കും.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരാനോ തിരികെ പോകാനോ രാവിലെ 10.35 മുതൽ 12.15 വരെ ഫ്ലൈറ്റുകൾക്ക് അനുമതിയുണ്ടായിരിക്കില്ലെന്നും സുരക്ഷാവിഭാഗം അറിയിച്ചിട്ടുണ്ട്.

