ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇടതുപക്ഷത്തെ ശതിപ്പെടുത്തുക : ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം
കുവൈറ്റ് സിറ്റി : ജാതി മത ചിന്തകൾക്കപ്പുറം സമൂഹത്തിൽ നടക്കുന്ന അഴിമതിക്കും വർഗ്ഗീയ ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കുമെതിരെ പോരാടേണ്ടുന്ന സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും, അതിനായി ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫസർഫാ: ഡോ: മാത്യൂസ് വാഴക്കുന്നം ആഹ്വാനം ചെയ്തു. കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 39-മത് വാർഷികസമ്മേളനത്തിന്റെ ഭാഗമായി ഗൗരി ലങ്കേഷ് നഗറിൽ (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) വെച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സജി തോമസ് മാത്യു സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വെച്ച് പ്രവാസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ പ്രമുഖ എഴുത്തുകാരിയും കല കുവൈറ്റ് മാതൃഭാഷ പരിപാടിയുടെ ഉപദേശക സമിതി അംഗവുമായിരുന്ന ലിസി കുര്യാക്കോസ്, കല കുവൈറ്റ് അംഗങ്ങളായ ബാബു, മനോജ്, കൃഷ്ണൻകുട്ടി എന്നിവർക്ക് കലയുടെ ഉപഹാരം മുഖ്യാതിഥി സമ്മാനിച്ചു.
ചടങ്ങിൽ കല കുവൈറ്റ് മുൻ ജനറൽ സെക്രട്ടറി ജെ സജി, മുൻപ്രസിഡന്റ് സുഗതകുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർഎൻ അജിത്ത് കുമാർ, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി എംപി മുസ്‌ഫർ, വൈസ് പ്രസിഡന്റ് പ്രസീദ് കരുണാകരൻ, വനിതാവേദി സെക്രട്ടറി ടോളി പ്രകാശ് എന്നിവർ സംബന്ധിച്ചു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൺ ഡിക്രൂസ് പൊതുസമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകർ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടെ വൻജനാവലിയാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

