കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീൻസ് നിർത്തിവെച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു ഫിലിപ്പീൻസ് നിർത്തിവച്ചു. ഫിലിപ്പീൻസ് തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജീവനൊടുക്കിയതായി ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡുതെർത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന്റെ തുടർച്ചയായി ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെലോയാണ് ഫിലിപ്പീൻസുകാരെ തൊഴിലെടുക്കാനായി ഇനി കുവൈത്തിലേക്ക് അയയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്.
ആറേഴ് ഫിലിപ്പിനോകളുടെ മരണം സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും സിൽവസ്റ്റർ പറഞ്ഞു. തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് നാല് വനിതകൾ കുവൈത്തിൽ ജീവനൊടുക്കി എന്നായിരുന്നു പ്രസിഡണ്ട് ഡുതെർത് ആരോപിച്ചത്. കുവൈത്തുമായി സംഘർഷത്തിനല്ല പ്രസ്‌താവന. കുവൈത്ത് നേതൃത്വത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഫിലിപ്പീൻസുകാർ ജീവനൊടുക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാൻ കുവൈത്ത് എന്തെങ്കിലും ചെയ്യണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പീൻസ് പ്രസിഡണ്ടിന്റെ പ്രസ്‌താവനയിൽ ദുഃഖം പ്രകടിപ്പിച്ച കുവൈത്ത് വിദേശകാര്യ സഹമന്ത്രിവിഷയത്തിൽ അന്വേഷണം നടന്നുവരുന്നതായി അറിയിച്ചു.

