സർക്കാരിനെതിരായ വ്യാജ ആരോപണങ്ങൾക്ക് ഉടൻ മറുപടി നൽകണം : സൽമാൻ -രാജാവ്
റിയാദ് : സർക്കാരിനെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത ആരോപണങ്ങളിലും വിമർശനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി വിശദീകരണം നൽകണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദ്ദേശിച്ചു. വസ്തുനിഷ്ഠവും സൃഷ്ടിപരവുമായ വിമർശനങ്ങളുടെ അടിസ്ഥാന തത്വങ്ങളും മാനദണ്ധങ്ങളും മാധ്യമങ്ങൾ ലംഘിക്കുന്ന പക്ഷം നിയമ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.
സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരായ ചില വിമർശനങ്ങളും ആരോപണങ്ങളും വസ്തുനിഷ്ഠമല്ലെന്നും സൃഷ്ടിപരമായ വിമർശനങ്ങളുടെ അതിരുകൾ ലംഘിക്കപ്പെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സത്യാവസ്ഥ അന്വേഷിച്ച് ഉറപ്പു വരുത്താതെയാണ് ചില മാധ്യമങ്ങൾ വ്യാജ ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത്. ഇത് സാമൂഹിക തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വിമർശനങ്ങൾക്ക് ഉടനടി മറുപടി നൽകുന്നതിന് സർക്കാർ വകുപ്പുകളോട് രാജാവ് നിർദ്ദേശിച്ചത്.
ഏതെങ്കിലും സർക്കാർ വകുപ്പിനോ സ്ഥാപനങ്ങൾക്കോ എതിരെ യാഥാർത്ഥ്യത്തിന് നിരക്കാത്ത റിപ്പോർട്ടുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന പക്ഷം ഉടനടി അത്തരം റിപ്പോർട്ടുകൾക്ക് മറുപടി നൽകിയിരിക്കണം. വസ്തുനിഷ്ഠവും സൃഷ്ടിപരവുമായ വിമർശനത്തിന്റെ മാനദണ്ധങ്ങൾ ഏതെങ്കിലും മാധ്യമം ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഉടനടി നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജാവ് നിർദ്ദേശം നൽകി. സർക്കാർ വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സുപ്രീം മീഡിയ കമ്മിറ്റി നിരീക്ഷിക്കണമെന്നും രാജാവ് നിർദ്ദേശിച്ചു.

