പൊതുമേഖലയിൽ നിന്ന് വിദേശികളെ മാറ്റാൻ കുവൈത്ത് നിയമ നിർമ്മാണം നടത്തുന്നു
കുവൈത്ത് സിറ്റി : പൊതുമേഖലയിൽ നിന്നു വിദേശികളെ മാറ്റി സ്വദേശികൾക്കു ജോലി ഉറപ്പാക്കുന്നതു സംബന്ധിച്ചു നിയമനിർമാണം ഉടനെയുണ്ടാകുമെന്നു പാർലിമെന്റിലെ സ്വദേശിവൽക്കരണ−തൊഴിൽ കമ്മിറ്റി അംഗം സാലെ അൽ അശൂർ അറിയിച്ചു. 12000 സ്വദേശികൾ പൊതുമേഖലയിൽ തൊഴിലിനായി കാത്തിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി അംഗങ്ങൾ എണ്ണക്കന്പ നികളുടെയും സിവിൽ സർവ്വീസ് കമ്മീഷന്റെയും മാൻ പവർ പബ്ലിക് അതോറിറ്റിയുടെയും ആസൂത്രണ വിഭാഗം സുപ്രീം കൗൺസിലിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. സ്വദേശികളുടെയും വിദേശി ബന്ധത്തിൽ സ്വദേശി വനിതകൾക്കു ജനിച്ച കുട്ടികളുടെയും തൊഴിൽ പ്രശ്നമാണു യോഗം പ്രധാനമായും ചർച്ച ചെയ്‌തത്.
വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനു നിലവിലുള്ള പദ്ധതികൾ, അടുത്ത അഞ്ചുവർഷത്തിനകം നടപ്പാക്കേണ്ട സ്വദേശിവൽക്കരണ തോത് എന്നിവയും യോഗം ചർച്ച ചെയ്‌തു. നിയമനം സംബന്ധിച്ചു വ്യക്തമായ തീരുമാനമെടുക്കുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു ലഭ്യമാക്കാനും തീരുമാനിച്ചു.
അതിനിടെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിൽ ആഭ്യന്തര−പ്രതിരോധ സമിതി യോഗം ചേർന്നു സൈനിക സേവന നിയമവുമായി ബന്ധപ്പെട്ട പാർലമെന്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്‌തു.
ദേശീയ സേവനകാലഘട്ടം ഒരുവർഷത്തിൽ നിന്നു നാലുമാസമായി കുറയ്ക്കുക, റിസർവ് സേവന കാലഘട്ടം 35 ദിവസത്തിൽനിന്നു 15 ദിവസമാക്കുക എന്നിവയാണു പ്രധാന നിർദേശങ്ങൾ. അഭിപ്രായം രേഖപ്പെടുത്തുന്നതിനു സമിതി സർക്കാരിനു 15 ദിവസം അനുവദിച്ചു. സ്ത്രീകളുടെ സൈനിക പ്രവേശം സമിതി ചർച്ച ചെയ്‌തിട്ടില്ലെന്നു ചെയർമാൻ അഷ്കർ അൽ അനേസി അറിയിച്ചു. സ്ത്രീകളെ സൈന്യത്തിൽ ചേർക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീ അമ്മയായും സഹോദരിയായും നിലകൊള്ളേണ്ടവളാണെന്നും അദ്ദേഹം പറഞ്ഞു.

