കുവൈത്ത് അമീർ ഇറാഖ് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഇറാഖ് പ്രസിഡണ്ട് ഫുആദ് മസൂമുമായി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഇറാഖ് പുനർനിർമിതിക്കായി ഫെബ്രുവരിയിൽ കുവൈത്തിൽ നടത്തുന്ന രാജ്യാന്തര സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. വിവിധ രാജ്യങ്ങൾ നൽകുന്ന സഹായത്തിന്റെ വലുപ്പമല്ല, മറിച്ച് അതിനനുസൃതമായ അന്തരീക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇറാഖിനുള്ളതെന്ന് ഇറാഖ് പ്രസിഡണ്ട് പറഞ്ഞു.
ഇറാഖ് വിപണിയിൽ നിക്ഷേപമിറക്കാൻ കുവൈത്ത് കന്പനികളെ അദ്ദേഹം ക്ഷണിച്ചു, കുവൈത്തിൽ നിന്നുള്ള നിക്ഷേപകർക്ക് ഇറാഖ് സർക്കാർ മുന്തിയ പരിഗണന നൽകും. ഐ.എസ് തീവ്രവാദികളിൽ നിന്ന് പല പ്രദേശങ്ങളും മോചിപ്പിച്ച സാഹചര്യത്തിൽ ഇറാഖ് നിക്ഷേപത്തിന് അനുകൂലമായ രാജ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന് നൽകാനുള്ള യുദ്ധനഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഇറാഖ് പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, 2014 മുതൽ ഐ.എസിനെതിരായ സൈനിക നടപടികൾ ശക്തിപ്പെടുത്തേണ്ടി വന്നതിനാൽ രാജ്യം സാന്പത്തിക പ്രയാസം നേരിടുന്നുണ്ട്. അതിനാൽ കുടിശിക അടച്ചു തീർക്കുന്നതിന് കുവൈത്ത് സാവകാശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫുആദ് മസൂം പറഞ്ഞു.
കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽഹമദ് അൽ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി ഖാസിം അൽ അറാജി, ആരോഗ്യമന്ത്രി ഡോ. അദീല ഹമൂദ് ഹുസൈൻ, ഗതാഗതമന്ത്രി കാസിം ഫിൻജാൻ തുടങ്ങിയവരാണ് ഇറാഖ് പ്രസിഡണ്ടിനൊപ്പം കുവൈത്തിൽ എത്തിയത്.


