യുഎസിൻ്റെ മൂന്നാമത്തെ യുദ്ധക്കപ്പലും പശ്ചിമേഷ്യയില്‍; തിരിച്ചടിക്കാന്‍ സജ്ജമെന്ന് ഇറാന്‍
ഷീബ വിജയൻ
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാക്കിക്കൊണ്ട് അമേരിക്കയുടെ വൻ പടയൊരുക്കം. യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റും പശ്ചിമേഷ്യൻ മേഖലയിൽ നങ്കൂരമിട്ടു. നവംബർ എട്ടിന് സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ മലാക്ക കടലിടുക്ക് വഴിയാണ് എത്തിയത്. യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എസ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ് എന്നീ വിമാനവാഹിനിക്കപ്പലുകളെ നേരത്തെ തന്നെ അമേരിക്ക മേഖലയിൽ വിന്യസിച്ചിരുന്നു.
മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം പശ്ചിമേഷ്യയിൽ എത്തിയത് യുഎസ് ആക്രമണം ശക്തമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഇറാൻ യുദ്ധം രൂക്ഷമായ സമയത്തും, അതിനുമുമ്പ് 2003-ലെ ഇറാഖ് യുദ്ധത്തിലുമായിരുന്നു അമേരിക്ക മൂന്ന് കപ്പലുകളെ ഒരേസമയം ഇവിടെ വിന്യസിച്ചത്. 90-ഓളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള തിയോഡോർ റൂസ്‌വെൽറ്റ് രണ്ട് ആണവ റിയാക്ടറുകളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. ഇന്ധനം നിറയ്ക്കാതെ വർഷങ്ങളോളം കടലിൽ തുടരാൻ ഈ കപ്പലിന് സാധിക്കും.
ഒരു വശത്ത് മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ വൻ സൈനിക വിന്യാസം. യുഎസ് ആദ്യം ആക്രമിക്കട്ടെ എന്ന് കരുതി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സായുധ സംഘർഷത്തിനുള്ള തയ്യാറെടുപ്പുകൾ രഹസ്യമായി പൂർത്തിയാക്കാനാണ് നയതന്ത്ര ചർച്ചകളുമായി യുഎസ് ഇറങ്ങിയതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ആരോപിച്ചു. ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന അവകാശവാദങ്ങൾക്കിടെയാണ് ഈ പുതിയ നീക്കം. യുഎസ് റഡാർ സംവിധാനത്തെയും ഹെലികോപ്റ്റർ കേന്ദ്രത്തെയും ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിക്കുകയും രണ്ട് ഇറാനിയൻ ഡ്രോണുകൾ തടഞ്ഞതായി അറിയിക്കുകയും ചെയ്തു. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
asdadsdas


