കാസർഗോഡ് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി
ഷീബ വിജയൻ
കാസര്‍ഗോഡ്: മുളിയാര്‍ കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടു. മുളിയാര്‍ കാട്ടിപ്പള്ളത്തെ മൊയ്തു-ജമീല ദമ്പതികളുടെ മകന്‍ ഹൈദര്‍ അലി (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
കാട്ടിപ്പള്ളത്തെ ഗ്രൗണ്ടിലാണ് സ്‌കൂട്ടറില്‍ നിന്ന് വീണുകിടക്കുന്ന നിലയിലാണ് ഹൈദര്‍ അലിയെ കണ്ടെത്തിയത്. സമീപത്ത് ഒരു റൈഫിളുമുണ്ടായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. വീണുകിടന്നിരുന്ന ഹൈദറിനെ സുഹൃത്ത് മുഹമ്മദ് റമീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. തോക്കുമായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് ദുബായിലായിരുന്ന ഹൈദര്‍ അടുത്തിടെയാണ് നാട്ടിലെത്തി ബോവിക്കാനത്ത് ടെക്‌സ്റ്റൈല്‍ ഷോപ്പ് ആരംഭിക്കുന്നത്. സഹോദരങ്ങള്‍: ഷാഫി (ദുബായി), ഖദീജ, നസീറ.
dsdsdsd


