അയ്യപ്പഭക്തരെ 'സ്വാമി' എന്ന് വിളിക്കണം, മാന്യമായി പെരുമാറണം; ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി എസ്.പി
ഷീബ വിജയൻ
പീരുമേട്: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പോലീസ് അവലോകന യോഗം ചേർന്നു. ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സംസാരം തീർത്തും മാന്യമായിരിക്കണമെന്നും, അയ്യപ്പഭക്തരെ 'സ്വാമി' എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ എന്നും ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ. നസീം കർശന നിർദ്ദേശം നൽകി. ഭക്തരെ ദൈവത്തിന്റെ പ്രതിരൂപമായി കാണണമെന്നും, റോഡ് മാർഗം ഏറ്റവുമധികം തീർഥാടകർ എത്തുന്ന പ്രദേശമായതിനാൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുമളി കടന്നെത്തുന്ന ഭക്തർക്ക് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പോലീസ് വാഹനങ്ങളുടെ പാർക്കിങ് തീർഥാടകരുടെ വാഹനങ്ങൾക്ക് തടസ്സമാകാത്ത രീതിയിലായിരിക്കണമെന്നും എസ്പി നിർദ്ദേശിച്ചു. യോഗത്തിൽ വെച്ച്, പോലീസ് സേനയുടെ കൊക്കൂൺ സമ്മിറ്റ് സൈബർ ബോധവത്കരണ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഏഴ് കുട്ടികൾക്ക് എസ്പി പ്രശംസാപത്രം വിതരണം ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, തീർഥാടന പാതയിലെ ഹോട്ടലുകളിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ജില്ലയിൽ നടത്തിയ 446 പരിശോധനകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 54 പരിഹാര നിർദേശ നോട്ടീസുകളും 23 മെച്ചപ്പെടുത്തൽ നോട്ടീസുകളും നൽകി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിനൊപ്പം, മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് 1,39,000 രൂപ പിഴയും ഈടാക്കി.
പരാതികൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പറായ 1800-425-1125 രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ കടകളിൽ പതിപ്പിച്ചിട്ടുണ്ട്. വ്യാപാരികൾക്കുള്ള ഭക്ഷ്യസുരക്ഷാ പരിശീലന ക്ലാസ് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുമളി പഞ്ചായത്ത് ഹാളിൽ നടക്കും.
erwewerwrew


