ഇഖാമ നിയമ ലംഘനത്തിന് പരമാവധി പിഴ ആയിരം ദിനാറാക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇഖാമ നിയമലംഘനത്തിനു പരമാവധി പിഴ 600 ദിനാറിൽ നിന്നു 1000 ദിനാർ ആയി വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം. പ്രതിദിന പിഴ രണ്ടു ദിനാറിൽ നിന്നു നാലായി വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ജനസംഖ്യാ അസന്തുലനം ഒഴിവാക്കുന്നതിനായുള്ള ഉന്നതാധികാര സമിതിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട്്വെച്ചത്. രാജ്യത്ത് ആവശ്യമില്ലാത്ത തൊഴിലാളികൾ അധികാരികൾ മുഖേനയോ എംബസികളുടെ സഹായത്തോടെയോ വിട്ടുപോകുന്നതു പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
എന്നാൽ രാജ്യത്തിന് ആവശ്യം വേണ്ട പ്രത്യേക സാഹചര്യത്തിൽ മാത്രം മാതാവിന്റെ സ്പോൺസർഷിപ്പിൽ കുട്ടികൾക്കു കുവൈത്തിൽ തുടരാനാകും. വിദേശികളെ കുറയ്ക്കുന്നതിനുള്ള നടപടിക്രമം തൊഴിൽ വിപണിയിൽ നിന്നാരംഭിക്കാനും നിശ്ചിത യോഗ്യതയുള്ളവർക്കു മാത്രമായി പ്രവേശനം നിജപ്പെടുത്താനും നിർദ്ദേശമുണ്ട്.
വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 1238 അനധികൃത തൊഴിലാളികളെ ഒഴിപ്പിക്കാനും 1529 ഫയലുകൾ മരവിപ്പിക്കാനും കഴിഞ്ഞതായും സമിതി വെളിപ്പെടുത്തി. ഏജൻസികളുടെ സഹകരണത്തോടെ വിദേശത്തു നിന്നും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ഫീസ് കുറയ്ക്കുക. ഒരു സ്പോൺസർക്കു ഗാർഹികതൊഴിലിന് അഞ്ച് വിസ നൽകിയത് മൂന്നെണ്ണമായി ചുരുക്കുക. സ്വദേശികളെക്കാൾ വിദേശികളുടെ എണ്ണം മൂന്നിരട്ടിയായതുമൂലമുള്ള അസന്തുലനം ഇല്ലാതാക്കാൻ ശാസ്‌ത്രീയ നടപടികൾ ആരംഭിക്കുക.
പിതാവിന്റെ വിസയിൽ മാത്രം കുട്ടികൾക്കു വിസ അനുവദിക്കുക. ആറുമാസത്തിൽ കൂടുതൽ രാജ്യത്തുനിന്നു വിട്ടുനിന്നാൽ ഇഖാമ റദ്ദാക്കുക. പ്രൊജക്ട് വിസയിൽ വരുന്നവർക്കു പ്രൊജക്ട് കഴിയുന്നതുവരെ മാത്രമായി താമസാനുമതി കർശനമാക്കുക. പ്രൊജക്ട് വിസ മാറുന്നതിനു സൗകര്യം നൽകരുത് തുടങ്ങിയ നിർദ്ദേശങ്ങളും ഉന്നതാധികാര സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.


