നഴ്‌സിംഗ് നിയമനം : ക്രമക്കേട് അനുവദിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : രാജ്യത്ത് നഴ്‌സിംഗ് നിയമനവുമായി ബന്ധപ്പെട്ട പരാതികളെല്ലാം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി. നിയമനവുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളെ ചികിത്സിക്കുക എന്നതിനാണ് പ്രമുഖ സ്ഥാനം. ഗുണമേന്‍മയുള്ള പരിചരണത്തിന് മികച്ച നേഴ്‌സുമാരെയാണ് ആവശ്യം. നിയമനത്തിൽ ക്രമക്കേടുണ്ടായാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടി വരും. ഇത് ഗൗരവമായാണ് കാണുന്നത്.
വിദേശത്ത് നിന്നുള്ള നേഴ്‌സുമാരെ നിയമിക്കുന്നതിന് കൃത്യമായ ചട്ടങ്ങളും സംവിധാനങ്ങളുമുണ്ട്. യോഗ്യത സംബന്ധിച്ച മാനദണ്ധങ്ങളുമുണ്ട്. രാജ്യത്ത് മൊത്തം 23000 നഴ്‌സുമാരുണ്ട്. ഇതിൽ ആയിരം പേർ സ്വദേശികളാണ്. കൂടുതൽ ആശുപത്രികൾ വരുന്ന പശ്ചാത്തലത്തിൽ നഴ്‌സുമാരുടെ നിയമനം നിർത്തി വയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശികൾക്ക് ചികിത്സാ ഫീസ് വർദ്ധിപ്പിച്ച നടപടി ന്യായമാണെന്നും വർദ്ധന ഈ മാസംമുതൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയും മറ്റ് ജി.സി.സി രാജ്യങ്ങളും ഈടാക്കുന്നതിനെക്കാൾ കുറഞ്ഞ ഫീസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷെയ്ഖ് ജാബർആശുപത്രി നാല് മാസത്തിനകം പ്രവർത്തനം തുടങ്ങും. മന്ത്രാലയത്തിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും അദ്ദേഹം അറിയിച്ചു.

