അയോധ്യ ക്ഷേത്രത്തിൽ കോടികളുടെ സംഭാവന-ഭൂമി തട്ടിപ്പ് വിവാദം; ഇടപെട്ട് പ്രധാനമന്ത്രി, ഭരണച്ചുമതല ജില്ലാ മജിസ്‌ട്രേറ്റിന്


ഷീബ വിജയൻ


ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പിലും ഭൂമി ഇടപാടിലെ ക്രമക്കേടിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. വിവാദങ്ങൾക്ക് പിന്നാലെ അയോധ്യ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ, പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തിയിട്ടുണ്ട്. വൻ ക്രമക്കേട് പുറത്തുവന്ന പശ്ചാത്തലത്തിൽ കാണിക്ക എണ്ണുന്ന രീതിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ മേശപ്പുറത്ത് വെച്ച് പണം എണ്ണാൻ പാടില്ലെന്നും, തറയിൽ പരവതാനി വിരിച്ച് അതിലിരുന്ന് മാത്രമേ പണം എണ്ണാവൂ എന്നും നിർദേശമുണ്ട്. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ ചിത്രീകരണം നിർബന്ധമാക്കി. ഇതിനായി പണം എണ്ണുന്ന മുറിയിൽ കൂടുതൽ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ആറ് പുതിയ സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചു. അതേസമയം, സംഭാവന തട്ടിപ്പിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് വിസമ്മതിച്ചു. യുപി സർക്കാർ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നിലപാട്. സംഭാവന തട്ടിപ്പിനൊപ്പം വിപണി വിലയേക്കാൾ കൂടിയ വിലയ്ക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്ക്കൂട്ടിയതിലും വൻ ക്രമക്കേട് നടന്നതായാണ് വിവരം. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അന്വേഷണ സംഘം കൂടുതൽ സമയം തേടിയേക്കും. അതിനിടെ, ക്രമക്കേടുകൾ മുൻനിർത്തി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടനയായ ധർമസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

article-image

assdadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed