പ്രതീക്ഷകൾ തകർത്ത് റമ്പൂട്ടാൻ വിലയിടിവ്; ദുരിതത്തിലായി കർഷകർ
ഷീബ വിജയൻ
കൊച്ചി: റമ്പൂട്ടാൻ വിലയിടിവിനെ തുടർന്ന് കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. ഇക്കുറി വിപണിയിൽ റമ്പൂട്ടാൻ കച്ചവടക്കാർ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് പ്രധാന കാരണമായത്. റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടർന്ന് കർഷകർ വ്യാപകമായി റബർ വെട്ടിമാറ്റി റമ്പൂട്ടാൻ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാൻ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയിൽ റമ്പൂട്ടാൻ പഴത്തിന്റെ ആവശ്യക്കാർ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി. പഴങ്ങൾ പറിച്ച് കഴിഞ്ഞ് കൂടുതൽ ദിവസം കളർ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുൻകാലങ്ങളിൽ റമ്പൂട്ടാൻ കായ്ച്ച് തുടങ്ങി സീസൺ ആരംഭിക്കുമ്പോൾ തന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിച്ച് അഡ്വാൻസ് നൽകി, ചെടികളിൽ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങൾ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാൽ ഇക്കുറി അത്തരം കച്ചവടക്കാർ കുറവാണ്. സാഹചര്യം കണക്കിലെടുത്ത് കർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സർക്കാർ ഏജൻസികൾ വഴി റമ്പൂട്ടാൻ സംഭരിക്കാൻ തയ്യാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ വിപണിയിൽ കിലോയ്ക്ക് ഏകദേശം 180 മുതൽ 350 രൂപ വരെയാണ് ചില്ലറ വിൽപ്പന നടക്കുന്നത്. എന്നാൽ കൃഷിക്കാർക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു. സർക്കാർ തലത്തിൽ റമ്പൂട്ടാൻ സംഭരണം നടത്തിയാൽ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും വ്യാപാരികൾ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകർച്ചയും മഴയും കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സർക്കാർ ഏജൻസികൾ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താൽ കർഷകർക്ക് ന്യായവില ഉറപ്പാക്കാം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുവാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നൂതന സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കുന്നതും കർഷകർക്ക് സഹായകമാകും.
xzsxaaa

