ഈ മാതൃദിനത്തിൽ ഒരു അമ്മയാവാൻ കഴിഞ്ഞതിൽ സന്തോഷം: കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി


മാതൃദിനത്തിൽ വ്യക്തിജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അച്ഛനും അമ്മയും ആയിരിക്കുന്നുവെന്നാണ് അഭിരാമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. കൽക്കി എന്നാണ് കുഞ്ഞിന് ദമ്പതികളിട്ട പേര്. കഴിഞ്ഞ വർഷമാണ് കൽക്കിയെ ദത്തെടുത്തതെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അഭിരാമി പറഞ്ഞു.പ്രിയ സുഹൃത്തുകളെ, ഞാനും രാഹുലും ഒരു പെൺകുഞ്ഞിൻ്റെ അച്ഛനും അമ്മയുമായ വിവരം സന്തോഷപൂർവ്വം പങ്കുവയ്ക്കട്ടെ, കൽക്കി എന്നാണ് മകളുടെ പേര്. കഴിഞ്ഞ വർഷമാണ് മകളെ ഞങ്ങൾ ദത്തെടുത്തത്. എല്ലാ രീതിയിലും ഞങ്ങളുടെ ജീവിതം മാറ്റിമറയ്ക്കുന്ന ഒരു തീരുമാനമായിരുന്നു അത്. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാനുള്ള അനുഗ്രഹം എനിക്കുണ്ടായി. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം സ്നേഹവും അനുഗ്രഹവും ഞങ്ങൾക്കുണ്ടാവണം.

2009-ലാണ് ബിസിനസ് കൺസൽട്ടൻ്റായ രാഹുൽ പവനനും അഭിരാമിയും വിവാഹതിരായത്. 1995-ൽ പുറത്തിറങ്ങിയ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അഭിരാമി അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 1999-ൽ പത്രം, മിലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ ചിത്രങ്ങളിലൂടെ അവർ മുൻനിരനടിയായി മാറി. പിന്നീടുള്ള വർഷങ്ങളിൽ വീരുമാണ്ടിയടക്കം നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിരാമി അഭിനയിച്ചു. 2004-ൽ ഉപരിപഠനത്തിനായി അഭിനയം വിട്ട് അഭിരാമി അമേരിക്കയിലേക്ക് മാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed