അട്ടപ്പാടി മധു വധക്കേസ്; പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മണ്ണാർക്കാട് എസ്.സി−.എസ്.ടി കോടതി. പതിനാറാം പ്രതി മുനീർ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ്. ഇവർക്ക് ഒരുലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. വിവിധ വകുപ്പുകളിൽ പ്രതികൾ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. 16ആം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. എന്നാൽ വിചാരണ കാലയളവിൽ തടവ് അനുഭവിച്ചതിനാൽ ഇയാൾക്ക് പിഴ അടച്ച് മോചിതനാകാം. എസ്.സി−.എസ്.ടി വകുപ്പിലെ 3(ഐ) ഡി പട്ടിക ജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് 13 പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പിഴത്തുകയുടെ പകുതി മധുവിന്‍റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. ഒന്നാംപ്രതി ഹുസൈൻ 1,05,000 രൂപയും മറ്റ് 12 പ്രതികൾക്ക് 1,18,000 രൂപയുമാണ് പിഴ. കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്നു എസ്.സി−.എസ്.ടി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികളെ ഉടൻതന്നെ മലപ്പുറം ജില്ലയിലെ തവനൂരിലേക്ക് മാറ്റും. കേസിൽ കൽക്കണ്ടി കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് (35), കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ഇവർക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. മധു കൊല്ലപ്പെട്ട് അഞ്ചു വർഷത്തിനു ശേഷമാണു ശിക്ഷാ വിധി വന്നിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണു കേസിൽ അന്തിമ വിധിയുണ്ടായിരിക്കുന്നത്.
rdgdgf