പ്രതിപക്ഷ പ്രതിഷേധം ശക്തം; ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സുരക്ഷ വർധിപ്പിച്ചു

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സുരക്ഷ സർക്കാർ വർധിപ്പിച്ചു. ഇന്ധന സെസ് വർധനയടക്കം ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായത് കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. വിഷയത്തിൽ ഇന്ന് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, മന്ത്രിമാരെ വഴിയിൽ തടയുന്നതും കരിങ്കൊടി കാണിക്കുന്നതുമടക്കം പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ഈ സാഹചര്യത്തിൽ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും യാത്രയിലുമാണ് സുരക്ഷ വർധിപ്പിക്കുക. ഇന്ന് നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് ബാലഗോപാൽ നിയമസഭയിലെത്തിയിരുന്നത്.
അതേസമയം, ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിപ്പിക്കാൻ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പാർട്ടി സെക്രട്ടറിയായപ്പോൾ പറഞ്ഞ പിണറായി വിജയൻ, മുഖ്യമന്ത്രിയായപ്പോൾ അതെല്ലാം മറന്നെന്ന് സതീശൻ പരിഹസിച്ചു. അധികാരത്തിന്‍റെ അഹങ്കാരവും ധാർഷ്ട്യവും തലക്ക് പിടിച്ച സർക്കാറാണിത്. സർക്കാറിന് പ്രതിപക്ഷത്തോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്. തുടർഭരണം കിട്ടിയ അഹങ്കാരത്തിൽ ജനങ്ങളെ മറന്നെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
e46ye57y