ഭീഷണിപ്പെടുത്തി മയക്കുമരുന്നിന്‍റെ കാരിയർ ആക്കി; വെളിപ്പെടുത്തലുമായി എട്ടാം ക്ലാസുകാരി

സംസ്ഥാനത്തെ ഞെട്ടിച്ച് എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ. ലഹരി മാഫിയ ഭീഷണിപ്പെടുത്തി മയക്കുമരുന്നിന്‍റെ കാരിയർ ആക്കി മാറ്റിയെന്ന് വിദ്യാർഥിനി പറഞ്ഞു. ഭീഷണിപ്പെടുത്തി സ്‌കൂൾ ബാഗിൽ വിവിധ കേന്ദ്രങ്ങളിൽ ലഹരി എത്തിച്ചു. സ്‌കൂളിലെ കബഡി കളിക്കിടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി നൽകിയ ബിസ്‌ക്കറ്റിലൂടെയാണ് ലഹരിക്ക് അടിമയായത്. നന്നായി കളിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് പൊടിരൂപത്തിൽ ലഹരി മൂക്കിൽ വലിപ്പിച്ചു. പിന്നീട് പലതവണ നിർബന്ധിച്ച് മയക്കുമരുന്ന് കുത്തിവയ്പ്പിച്ചു. ഒടുവിൽ എംഡിഎംഎ എന്ന രാസലഹരിയുടെ പിടിയിലായെന്നും കുട്ടി വെളിപ്പെടുത്തി. കൈയിൽ വരയ്ക്കുന്ന പ്രത്യേക അടയാളങ്ങളിലൂടെയാണ് തങ്ങൾ കാരിയർമാരാണെന്ന് തിരിച്ചറിയുന്നതെന്ന് പെണ്‍കുട്ടി പറയുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതറിഞ്ഞ ലഹരി മാഫിയ സ്റ്റേഷന്‍ പരിസരത്തെത്തി. ഇവരെ കണ്ടതോടെ പെൺകുട്ടി അസ്വസ്ഥയായി. ഒടുവിൽ അഴിയൂർ സ്വദേശി അദ്‌നാനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാൾക്കെതിരെ തെളിവില്ലെന്നും പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയെ വിട്ടയച്ചത്. താനുൾപ്പെടെ സ്‌കൂളിലെ പല പെൺകുട്ടികളും ലഹരിമാഫിയയുടെ കെണിയിലാണെന്ന് പെൺകുട്ടി അറിയിച്ചിട്ടും സ്‌കൂൾ അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കണമെന്നതുൾപ്പെടെയുള്ള നടപടി അധികൃതർ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
ghfgh