അട്ടപ്പാടി മധുകൊലക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ചിലവിനുള്ള കാശുപോലും സർക്കാർ നൽകുന്നില്ലെന്ന് ആരോപണം

അട്ടപ്പാടി മധുകൊലക്കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സർക്കാർ. കേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം. ഇതിനിടയിൽ നൽകാനുള്ള ഫീസ് പോയിട്ട് ചെലവിനുള്ള കാശു പോലും സർക്കാർ അനുവദിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. 240 രൂപയാണ് സർക്കാർ അനുവദിച്ച ഫീസ്. ചെലവെങ്കിലും തരണമെന്ന് നേരത്തെ രേഖാമൂലം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയ കത്തിന് മറുപടി പോലും ലഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അസാധാരണ നടപടികൾ ഏറെയുണ്ടായ മധുകൊലക്കേസിൽ നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടർമാർ പരാജയപ്പെട്ടിരുന്നു. ഇവിടെയാണ് രാജേഷ് എം.മേനോൻ കേസിന്റെ ഗതിമാറ്റിയത്.
കേസിന്റെ വിചാരണ നിലവിൽ അവസാനഘട്ടത്തിലാണ്. സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കൽ, കൂറുമാറ്റം അങ്ങനെ നിരവധി കടമ്പകളിലൂടെയായിരുന്നു കേസ് മുന്നോട്ട് പോയിരുന്നത്. ഇതുമായി എല്ലാ കാര്യങ്ങളും പ്രോസിക്യൂഷന് ശാസ്ത്രീയമായി തന്നെ തെളിയിക്കാൻ കഴിഞ്ഞെന്നതും വലിയ നേട്ടമാണ്. മാത്രമല്ല മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയയാൾ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു. പാലക്കാട് കുമരംപുത്തൂർ സ്വദേശി അബ്ബാസാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു.
dxfgdfh