നിയമസഭാംഗമായാലും നിയമം ബാധകം; എൽദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് എഎൻ ഷംസീർ

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എന്‍ ഷംസീർ. നിയമസഭാംഗമായാലും നിയമം ബാധകമാണെന്നും എൽദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉചിതമായ നടപടി എടുക്കും. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും എഎൻ ഷംസീർ വ്യക്തമാക്കി.‘എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ട ആവശ്യമില്ല. നടപടി വിവരം അറിയിച്ചാൽ മാത്രം മതിയെന്നും വ്യക്തമാക്കുന്ന 2021ലെ സുപ്രീംകോടതി നിർദേശമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം അറിയിക്കേണ്ട കാര്യം മാത്രമേയുള്ളൂ’, സ്പീക്കർ കൂട്ടിച്ചേർത്തു.
യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രിതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പീക്കർക്ക് കത്ത് നൽകിയെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
എൽദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ എൽദോസിന് ലഭിക്കാം. നാളെയാണ് എൽദോസിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയിൽ നൽകും.
പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത്. എംഎൽഎ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. എംഎൽഎ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയെന്നും യുവതി മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിന്‍കര കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
fikgik