ഭാര്യയെ മറ്റ് സ്‌ത്രീകളുമായി ഉപമിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിനുവരെ കാരണമായേക്കാം: ഹൈക്കോടതി

ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരതയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്‌ത്രീകളുമായി താരതമ്യം ചെയ്‌തു നടത്തുന്ന അധിക്ഷേപവും ക്രൂരതയാണ്.
അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം അധിക്ഷേപം വളരെ കാഠിന്യമേറിയതും ഗുരുതരവുമാണ്. ക്രൂരതയെന്നാൽ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും കോടതി വ്യക്‌തമാക്കി.
2019ൽ വിവാഹിതയായ യുവതി വിവാഹശേഷം പത്തു മാസത്തിനകം തന്നെ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചു. ഭർത്താവ് തന്നെ മറ്റു സ്‌ത്രീകളുമായി താരതമ്യം ചെയ്‌ത് താഴ്‌ത്തിപ്പറയുന്നത് പതിവാണെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് വിവാഹമോചനം അനുവദിച്ചു. ഇതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.