പുരുഷന്മാർ തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്‌ത്രീകൾക്ക് ‘ഖുല’യിലുടെ വിവാഹ മോചനം നേടാമെന്നു സുപ്രീം കോടതി

തലാഖി(തലാഖ്−ഇ−ഹസൻ)ലൂടെ വിവാഹ മോചനം നടത്തുന്നതിൽ പ്രഥമദൃഷ്‌ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീംകോടതി. പുരുഷന്മാർ തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്‌ത്രീകൾക്ക് ∍ഖുല∍യിലുടെ വിവാഹ മോചനം നേടാമെന്നു ജസ്‌റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. വിഷയം എതെങ്കിലും അജന്‍ഡയ്‌ക്ക് കാരണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്‌റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
തലാഖും മുത്തലാഖും ഒരുപോലെയല്ല. തലാഖ്−ഇ−ഹസൻ പ്രകാരം മാസത്തിലൊന്നെന്ന നിലയിൽ മൂന്നു മാസം കൂടുമ്പോൾ മൂന്നു തവണ തലാഖ് നൽകിയാണു വിവാഹമോചനമുണ്ടാകുന്നത്. ഭാര്യയ്‌ക്കും ഭർത്താവിനും ഒന്നിച്ചു ജീവിക്കാന്‍ താൽപര്യമില്ലെങ്കിൽ ആർട്ടിക്കിൾ 142 പ്രകാരം കോടതി വിവാഹമോചനം നൽകാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് വ്യക്‌തികൾക്ക് ഒരുമിച്ചു ജീവിക്കാനാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കാം. തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന നൽകിയ ഹർജിയിലാണു കോടതിയുടെ പരാമർശങ്ങൾ. തലാഖിന്റെ ഇരയാണു താനെന്നു പറഞ്ഞു ഹീന സമർപ്പിച്ച ഹർജിയിൽ വിവാഹമോചനത്തിനു പൊതുവായ മാർഗരേഖ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച കോടതി തലാഖ്−ഇ−ഹസന്റെ കാര്യത്തിൽ തീരുമാനമറിയിച്ചിട്ടില്ലെന്നു ഹീനയുടെ അഭിഭാഷക പിങ്കി ആനന്ദ് പറഞ്ഞു. കേസ് വിശദമായ വാദത്തിന് ഈ മാസം 29ലേക്കു മാറ്റി.