മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ പോലീസുകാർ മർദ്ധിച്ചതായി പരാതി


വീടിന്‍റെ മുന്നിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ പോലീസുകാരായ മൂവര്‍ സംഘം മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് മദ്യലഹരിയില്‍ അഴിഞ്ഞാടിയത്.

കിളിമാനൂര്‍ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ രജീഷിനെയാണ് പോലീസുകാർ ആക്രമിച്ചത്. ടെമ്പോ ട്രാവലറില്‍ എത്തിയ സംഘത്തിലെ മൂന്നുപേര്‍ വാഹനം നിര്‍ത്തിയ ശേഷം റോഡിനോട് ചേര്‍ന്ന വീട്ടിലേയ്ക്കുള്ള സ്വകാര്യ വഴിയില്‍ മൂത്രം ഒഴിച്ചത് രജീഷ് ചോദ്യം ചെയ്തതോടെ സംഘം അതിക്രമം നടത്തുകയായിരുന്നു.

അസഭ്യം വിളിയ്ക്കുകയും മുഖത്ത് കണ്ണിനു ഇരു വശവും ഇടിച്ചും മര്‍മ്മസ്ഥാനത്ത് തൊഴിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രജീഷ് കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ നിബാസ് (36), എസ് സിപിഒ ജോബിന്‍ (40) ഡ്രൈവര്‍ സിപിഒ പ്രശാന്ത് (41) എന്നിവര്‍ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതോടെയാണ് കിളിമാനൂർ പോലീസ് സംഭവത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ കോട്ടയം ജില്ലാ പോലീസ് മേധാവി മൂവരെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed