കിലോയ്ക്ക് 700 കടന്ന് കുരുമുളക്: പത്തുവർഷത്തെ റെക്കോർഡ് തകർത്ത് വിലക്കയറ്റം!
ഷീബ വിജയൻ
പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന വില തൊട്ട് കുരുമുളക് വിപണി. നിലവിൽ ക്വിന്റലിന് 70,000 രൂപ കടന്ന് 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുരുമുളക് എത്തപ്പെട്ടിരിക്കുകയാണ്. പ്രാദേശിക വിപണികളിൽ കിലോയ്ക്ക് 700 രൂപ കടന്നാണ് മുന്നേറ്റം. നിലവിൽ ഇടുക്കി ജില്ലയിലെ പ്രാദേശിക വിപണികളിൽ 700 മുതൽ 710 രൂപ വരെയാണ് കുരുമുളകിന്റെ വില. എന്നാൽ ഉൽപ്പാദനം പകുതിയിലും താഴെയായതിനാൽ സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനം പൂർണ്ണമായി ലഭിക്കുന്നില്ല. കൊച്ചി മട്ടാഞ്ചേരി മാർക്കറ്റിൽ അൺഗാർബിൾഡ് കുരുമുളകിന് 704 രൂപയും ഗാർബിൾഡ് കുരുമുളകിന് 724 രൂപയുമാണ് നിലവിലെ നിരക്ക്. 2014-15 കാലയളവിൽ കുരുമുളകിന് റെക്കോർഡ് വിലയായ 730 രൂപ ലഭിച്ചിരുന്നു. പിന്നീട് 2016-ൽ 700 രൂപ വരെയെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപ്പാദനം തീരെ കുറഞ്ഞതാണ് നിലവിൽ കർഷകർക്ക് തിരിച്ചടിയാകുന്നത്.
മിക്ക കർഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയിൽ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ മുൻപേ തന്നെ ഉൽപ്പാദനത്തിൽ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വൻ ഇടിവും കുരുമുളക് വില വർധനയ്ക്ക് കാരണമായി. വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ വരവ് കുറഞ്ഞത് രാജ്യാന്തര വിപണിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കുരുമുളകിന്റെ ഡിമാൻഡ് കൂട്ടുകയാണ്. കേരളം, തമിഴ്നാട്, കർണാടക തുടങ്ങി പ്രധാന കുരുമുളക് ഉൽപ്പാദന സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 2015-നുശേഷം വിയറ്റ്നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞ് 2019-ൽ കിലോയ്ക്ക് 340 രൂപയിൽ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധികൾക്കുശേഷം 2021 മുതൽ വില ഘട്ടംഘട്ടമായി കരകയറി വർഷം തോറും 40 മുതൽ 50 രൂപ വരെ ഉയർന്നാണ് ഇപ്പോൾ 700-ൽ എത്തിനിൽക്കുന്നത്. 2026-ലെ വിളവെടുപ്പ് സീസണിൽ ഇന്ത്യയിലെ കുരുമുളക് ഉൽപ്പാദനം 65,000 മുതൽ 75,000 ടൺ വരെയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും എൽനിനോ പ്രതിഭാസം കാരണം ഉൽപ്പാദനം ഇതിലും കുറയാനാണ് സാധ്യത. വിനായകചതുർഥി മുതൽ നവരാത്രി, ദീപാവലി വരെ നീളുന്ന ഉത്സവകാല ഡിമാൻഡ് ഉത്തരേന്ത്യൻ വിപണികളിൽ വർധിച്ചതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.
ddfsdfsdfs

