മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: പൂർണ സംതൃപ്തിയെന്ന് അതിജീവിത

സർക്കാർ തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണവിശ്വാസമാണ്. തന്‍റെ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചു. കൂടിക്കാഴ്ചയിൽ പൂർണ സംതൃപ്തയാണെന്നും അതിജീവിത പറഞ്ഞു. വലിയ യാത്രയാണ് തന്‍റേത്. അത് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് ആർക്കും അറിയില്ല. ഇത് അതിജീവനത്തിന്‍റെ പോരാട്ടമാണ്. വിമർശനങ്ങളെ കാര്യമായി എടുക്കില്ലെന്നും നടി വ്യക്തമാക്കി.
ആരുടെയും വായ അടപ്പിക്കാനില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തീരുമാനിച്ചത് കൊണ്ടാണ് മുൻപോട്ട് പോകുന്നത്. മന്ത്രിമാരുടെ വിമർശനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണം നടന്നതിന് ശേഷം ആദ്യമായാണ് നടി പൊതുവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു നടി തന്‍റെ നിലപാട് അറിയിച്ചിരുന്നത്.