വിജയ്ബാബു തമിഴ്നാട്ടിൽ ഉണ്ടെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ കണ്ടെത്താൻ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ചു കൊച്ചി സിറ്റി പോലീസ്. ദുബായിൽ ഒളിവിൽ കഴിയുന്നുവെന്നു കരുതുന്ന വിജയ്ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു. ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ്ബാബുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ−മെയിൽ വഴി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കില്ലെന്നു കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി.
നിലവിലെ അവസ്ഥയിൽ 18ന് മധ്യവേനലവധിക്കു ശേഷമേ ഹൈക്കോടതി വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കൂ. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനിടെ, യുവതിയുടെ പീഡന പരാതിക്കു പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ദുബായിലുണ്ടെന്നായിരുന്നു ഇതുവരെ ലഭിച്ചിരുന്ന വിവരം. ഇതു സ്ഥിരീകരിക്കുന്ന തരത്തിൽ വിജയ് ബാബുവിൽനിന്നു പ്രതികരണം വന്നിരുന്നു. എന്നാൽ , ഇയാൾ ഇന്ത്യയിൽ തന്നെ ഉണ്ടോയെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. തമിഴ്നാട്ടിൽ ഉണ്ടെന്ന സംശയം ഉയർന്നതോടെ പോലീസ് അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.
