പത്തനംതിട്ടയിൽ യുവാവിന്റെ കുത്തേറ്റ് അയൽവാസിയായ വീട്ടമ്മ മരിച്ചു

യുവാവിന്റെ കുത്തേറ്റ് അയൽവാസിയായ വീട്ടമ്മ മരിച്ചു. കുന്നന്താനം കീഴടിയിൽ പുന്നശ്ശേരി മോഹനന്‍റെ ഭാര്യ വിജയമ്മ (62) ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപൻ ആണ് വിജയമ്മയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പൊട്ടിച്ച ബിയർ കുപ്പികൊണ്ട് കുത്തിയാണ് പ്രതി വിജയമ്മയെ കൊന്നത്. രക്തം വാർന്ന് അബോധാവസ്ഥയിലായ വിജയമ്മ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.