തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം


തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം. മെയ് 10നാണ് വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. രാവിലെ 9നും 10.30ക്കും ഇടയിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യഅവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും.പൂജിച്ച കൊടിക്കൂറ ദേശക്കാർ കൊടിമരത്തിലുയർത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.

തുടർന്നാണ് തിരുവമ്പാടിയിൽ കൊടിയേറ്റ് നടക്കുക.10.30നും 10.55നും ഇടയിലാണ് തി രുവമ്പാടിയിൽ കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടികൂറയുയർത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തും. പൂരത്തിൽ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും. 8നാണ് സാംപിൾ വെടിക്കെട്ട്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് 9ന് നടക്കും.

മെയ് 10നാണ് തൃശൂർ പൂരം. പൂരപ്പിറ്റേന്ന് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.

You might also like

Most Viewed