കെ.വി തോമസിനെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് നീക്കി


കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും.

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ നേരത്തെ അ‌റിയിച്ചിരുന്നു. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിച്ചതെന്നും, ആ നിർദേശം കോൺഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ സി വേണുഗോപാൽ അറിയിക്കുകയായിരുന്നു.

കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.

കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോൺഗ്രസ് മുൻകൂട്ടി കാണുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കാതെ പൂർണ്ണമായും അകറ്റി നിർത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.

You might also like

  • Straight Forward

Most Viewed